കാൺപൂർ: ( www.truevisionnews.com) പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തി മകൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെകുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

55കാരിയായ പ്രമീള സിങ് ആണ് കൊല്ലപ്പെട്ടത്. മകൻ രാജാ സിങ് (28) അറസ്റ്റിലായി. പെൺകുട്ടിയെ വിവാഹം കഴിയ്ക്കാനായി വീടിന്റെ ഉടമസ്ഥാവകാശം അമ്മയുടെ പേരിൽനിന്ന് തന്റെ പേരിലേക്ക് മാറ്റാൻ യുവാവ് ആവശ്യപ്പെട്ടുവെങ്കിലും അമ്മ അംഗീകരിച്ചില്ല.
തുടർന്നായിരുന്നു കൊലപാതകം. മകളുടെ വീട്ടിൽ വെച്ചാണ് പ്രമീളയെ രാജാ സിങ് കൊലപ്പെടുത്തിയത്. ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉറപ്പിച്ചു.
എന്നാൽ, പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് നിബന്ധന വെച്ചു. വീട് രാജയുടെ പേരിലാക്കണമെന്നായിരുന്നു നിബന്ധന. പെൺവീട്ടുകാരുടെ ആവശ്യം പ്രമീള അംഗീകരിച്ചില്ല. പത്ത് ദിവസം മുമ്പ്, പ്രമീള സിംഗിന് പൊള്ളലേറ്റു. തുടർന്ന് അവർ വിശ്രമത്തിനായി മകളുടെ വീട്ടിലേക്ക് പോയി.
ബുധനാഴ്ച രാവിലെ 9.45 ന് രാജ സഹോദരി പ്രീതുവിന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രമീളയുടെ നിലവിളി കേട്ട് പ്രീതു ഓടിയെത്തിയപ്പോൾ അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
#Son #stabs #mother #death #broad #daylight #accepting #fiancée #familyconditions
